ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

  • 26/03/2022

ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണ് ദുരന്തമുണ്ടായത്. ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ, മകൾ മോഹന പ്രീതി എന്നിവരാണ് മരിച്ചത്. വീട്ടുവരാന്തയിൽ ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പോലൂരിലെ സർക്കാർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മോഹനപ്രീതി.

രണ്ട് മുറിയുള്ള വീടിന്‍റെ വരാന്തയിൽ പുതിയതായി വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു. പുലർച്ചെയോടെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ പടർന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിനും തീപിടിച്ചു. ജനാലകളില്ലാത്ത ആസ്ബറ്റോസ് പാകിയ വീട്ടിലേക്കും തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ അച്ഛനും മകളും ശുചിമുറിയിൽ അഭയം തേടി. ഇവിടേക്ക് പുകപടർന്ന് ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്. 

തീപിടിത്തം രാത്രിയിലായതിനാല്‍ അയൽവാസികളും അറിഞ്ഞില്ല. വെല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികളെടുത്തു. മൃതദേഹങ്ങൾ അടുക്കമ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related News