നശിപ്പിച്ചത് ദിലീപിന്റെ ഫോണിലെ കോടതി രേഖകളെന്ന് മൊഴി; വാട്സാപ്പ് ചാറ്റടക്കം വീണ്ടെടുത്ത് പോലീസ്

  • 27/03/2022

കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത ചില രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി വിവരം. ചില വാട്ട്സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയാൻ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

കേസിൽ ദിലീപിനെ നാളെ ചോദ്യംചെയ്യുമെന്നാണ് വിവരം. ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ചില നിർണായക രേഖകൾ സായ്ശങ്കർ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിരിക്കുന്നത്.

കോടതിയുമായി ബന്ധപ്പെട്ട രേഖകളാണ് തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയണമെന്ന നിർദ്ദേശം ദിലീപ് നൽകിയതെന്നാണ് സായ് ശങ്കർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വാട്ട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.

Related News