വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ്; ചർച്ചകൾ പുരോഗമിക്കുന്നു

  • 27/03/2022

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസം, തൊഴിൽ, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നവർക്കും വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യ വിടുന്നവർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സ്വകാര്യ വാക്സിനേഷൻ സെന്ററുകളിൽ നിന്ന് വാക്സിനെടുക്കാൻ സൗകര്യം ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

കോവിഡ് വാക്സിനേഷനവുമായി ബന്ധപ്പെട്ട പല രാജ്യങ്ങളുടേയും മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. പലയിടത്തും ബൂസ്റ്റർ ഡോസ് നിർബന്ധവുമാണ്. ഈ സാഹചര്യം പരിഗണിച്ചാണ് അന്താരാഷ്ട്ര യാത്രക്കാർക്ക് കരുതൽ ഡോസ് നൽകുന്ന കാര്യം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് പുനരാംരഭിക്കുന്ന സാഹചര്യത്തിൽ തീരുമാനം പെട്ടെന്നുണ്ടാകുമെന്നാണ് സൂചന.

നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാകുമ്പോഴാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. ആരോഗ്യപ്രവർത്തകർ, മുൻനിര കൊറോണ പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നീ വിഭാഗത്തലുള്ളവർക്കാണ് നിലവിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

Related News