ഭക്ഷണത്തിന്‍റെ പേരില്‍ തര്‍ക്കം, തട്ടുകടയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം

  • 27/03/2022

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ ഉണ്ടായ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. ഇടുക്കി സ്വദേശി പ്രദീപ് കുമാറിന് വെടിവെപ്പില്‍ പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്.

 കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് വെടിവച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു. പ്രതിയെ മുട്ടം പൊലീസ് തിരച്ചിലിന് ഒടുവിൽ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രാത്രി മൂലമറ്റത്തെ തട്ടുകടയിൽ  ഫിലിപ്പ് ഭക്ഷണത്തിന്റെ പേരിൽ ബഹളമുണ്ടാക്കി. നാട്ടുകാർ ഇടപെട്ട് ഇയാളെ വാഹനത്തിൽ കയറ്റിവിടാൻ ശ്രമിക്കുകയായിരുന്നു. പ്രകോപിതനായ ഇയാൾ വണ്ടിയിൽ  നിന്ന് തോക്കെടുത്ത ശേഷം അഞ്ച് റൗണ്ട്‌ വെടിയുതിക്കുകയായിരുന്നു. അതുവഴി സ്കൂട്ടറിൽ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. തുടർന്ന് വാഹനത്തിൽ കടന്നുകളയാൻ  ശ്രമിച്ച പ്രതി മുട്ടത്തു പൊലീസന്‍റെ പിടിയിലാവുകയായിരുന്നു. 

 വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടുക്കി സ്വദേശി പ്രദീപ് കുമാറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. പ്രദീപ് വെന്റിലേറ്ററിൽ ഐസിയുവിലാണുള്ളത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട നീക്കം ചെയ്തു. നാടൻ തോക്കിൽ നിന്നുള്ള ചെറിയ വെടിയുണ്ടകളാണ് ശരീരത്തിലുള്ളത്. കൂടുതൽ വെടിയുണ്ടകൾ ഉണ്ടോയെന്ന് പരിശേോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി

പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. തലയിലെ മുറിവ് ഗുരുതരമാണ്. മാറിലും, കൈകളിലും, വയറിലും മുറിവുണ്ട്. 

Related News