ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്‍റെ ക്രൂര പീഡനം; ക്ലീനിങ് ലോഷന്‍ കുടിപ്പിച്ചു, ലഹരി മരുന്നുകള്‍ കുത്തിവെച്ചു, യുവതിയുടെ കേസ് സിബിഐയ്ക്ക്

  • 27/03/2022

തൃശൂര്‍: കാനഡയിൽ ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയായ ചോറ്റാനിക്കര സ്വദേശിയുടെ കേസ് സിബിഐ അന്വേഷിക്കും.  പോലീസ് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഐ ഏറ്റെടുത്തത്. 

2020ലാണ് ചോറ്റാനിക്കര സ്വദേശിയായ യുവതി തനിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടു എന്ന് കാണിച്ച് പൊലീസീല്‍ പരാതി നല്‍കിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശ്രീകാന്ത് കാനഡയില്‍വച്ച് തന്നെ മൃഗീയമായി പീഡിപ്പിച്ചു എന്നാണ് യുവതി നല്‍കിയ പരാതി. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിനൊപ്പം യുവതി  കാനഡയിലേക്ക് പോയിരുന്നു. ഭര്‍ത്താവിന്‍റെ ആഡംബര വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് അടക്കാന്‍ തന്‍റെ കൈവശമുള്ള 75 പവന്‍ സ്വര്‍ണം കൈവശപ്പെടുത്തിയതായും അതിന് പിന്നാലെ പലപ്പോളായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് യുവത പരാതിയില്‍ പറയുന്നു.

ഗർഭം അലസിപ്പിക്കാൻ വേണ്ടി നിർബന്ധിച്ചു. ക്രൂരമായി മർദിച്ച് ഒടുവിൽ ഗർഭം അലസിപ്പിക്കുകയുമായിരുന്നു. ഒന്നാം വിവാഹ വാർഷികത്തിൽ യുവതിയെ കൊലപ്പെടുത്താൻ ഇയാൾ കാറപകടം ഉണ്ടാക്കാൻ ശ്രമിച്ചു. നിരവധി തവണ യുവതിയുടെ ശരീരത്തില്‍ മാരകമായ ലഹരി മരുന്നുകള്‍ കുത്തിവെക്കുകയും ചെയ്തു. 

യുവതിക്ക് ക്ലീനിങ് ലോഷന്‍ നല്‍കി നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയും തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്ക് സാരമായ പൊള്ളലേല്‍ക്കുകയും സംസാര ശേഷി തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വളരെ പ്രയാസപ്പെട്ടാണ് കാനഡയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല. ട്യൂബില്‍ കൂടിയാണ് ഭക്ഷണം നല്‍കുന്നത്. 

നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. പക്ഷേ ഭര്‍ത്താവ് വിദേശത്തായത് കൊണ്ട് തന്നെ അന്വേഷണത്തിന് പരിമിതികളുണ്ടായിരുന്നു. തുടര്‍ന്ന് കേസ് സിബിഐയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related News