ആറ് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി; നിലപാടറിയിച്ച്‌ കേന്ദ്രസര്‍ക്കാര്‍

  • 27/03/2022

ആറ് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ നിലപാടറിയിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഹിന്ദുക്കളാണ് ഒരു സംസ്ഥാനത്തില്‍ ന്യൂനപക്ഷമെങ്കില്‍ അവരെ ആര്‍ട്ടിക്കിള്‍ 29, 30 പ്രകാരം ന്യൂനപക്ഷ വിഭാഗമായി കണക്കാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. നിലവില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്‌ട് 1992 പ്രകാരം മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജെയ്ന്‍, സോറോസ്ട്രിയാന്‍സ് എന്നീ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്.

എന്നാല്‍ മിസോറാം (2.75 ശതമാനം), നാഗാലാന്‍ഡ് (8.75 ശതമാനം), മേഘാലയ (11.53 ശതമാനം), അരുണാചല്‍ പ്രദേശ് (29 ശതമാനം), മണിപ്പൂര്‍ (31.39 ശതമാനം), പഞ്ചാബ് (38.40 ശതമാനം), കാശ്മീര്‍ (28.44 ശതമാനം), ലക്ഷദ്വീപ് (2.5 ശതമാനം) എന്നിങ്ങനെയാണ് ഹിന്ദുക്കളുടെ കണക്ക്. പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി വരുന്നുണ്ടെന്ന വസ്തുതയാണ് ഹര്‍ജിയായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

Related News