ക്ഷേത്ര ദര്‍ശനമെന്ന വ്യാജേനെ കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്ത്; ദമ്പതികൾ പിടിയിൽ

  • 27/03/2022

കൊല്ലം: കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം കൊല്ലത്ത് പിടിയില്‍. 25 കിലോ കഞ്ചാവുമായി ദമ്പതികള്‍ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. കാറിനുള്ളിൽ ഉണ്ടായിരുന്ന ചിറയന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, പെരിനാട് സ്വദേശി അഭയ് സാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കാണ് കാറിൽ ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ് കാറില്‍ കഞ്ചാവ് കടത്തിയത്. രണ്ട് വയസുള്ള കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദേശീയപാതയിൽ നീണ്ടകരയിലെ പെട്രോൾ പമ്പിൽ വച്ച് പുലർച്ചെയാണ് ഇവരുടെ കാർ പൊലീസ് തടഞ്ഞത്. 

20 പൊതികളിലായി 25 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. കാറിനുള്ളിൽ വാതിലിന്റെ വശങ്ങളിലായിരുന്നു കഞ്ചാവ് പൊതികൾ സൂക്ഷിച്ചത്. തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങി വരുന്നുവെന്നാണ് പോലീസിന്റെ ആദ്യചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. കൊല്ലം ശാസ്ത്രീ ജംഗ്ഷനിൽ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് വേണ്ടിയാണ് ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചു. തുടർന്ന്  ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സാമ്പത്തിക സ്ഥിതിയും മറ്റും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. 

Related News