വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം; 19-കാരന്‍ വെടിയേറ്റ് മരിച്ചു

  • 27/03/2022

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ 19-കാരന്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ മോനു എന്ന സാഹില്‍ (19) പോലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ച ഒരു നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരകയില്‍ കക്രോള ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്. ദ്വാരക ജെജെ കോളനിയിലെ താമസക്കാരനും കൊല്ലപ്പെട്ടതുമായ ഖുര്‍ഷിദ് എന്ന യുവാവ് തര്‍ക്കം  നടന്ന സ്‌കൂളിലെ വിദ്യാര്‍ഥിയാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. തര്‍ക്കത്തിനും കൊലപാതക കാരണവും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

തര്‍ക്കത്തിനിടെ ഒരാള്‍ മറ്റൊരാളുടെ നേരെ വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ദൃക്സാക്ഷികളാരും മുന്നോട്ട് വന്നിട്ടില്ല. കൊലപാതകത്തിനും വെടിവയ്പ്പിനും കേസെടുത്തിട്ടുണ്ടെന്നും  അന്വേഷണം പുരോഗമിക്കുകയാണെന്നും ദ്വാരക അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രംസിങ് പറഞ്ഞു.

Related News