കെ റെയിൽ പ്രതിഷേധം തുടരുന്നു; സിൽവർ ലൈൻ സർവേക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

  • 28/03/2022

ദില്ലി/തിരുവനന്തപുരം: സിൽവർ ലൈൻ സർവേക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർവേ നടക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ പേരിൽ വിവിധ ജില്ലകളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർ നൽകിയ വേറെയും ഹർജികൾ കോടതിക്ക് മുൻപിലുണ്ട്.

സിൽവർ ലൈൻ പദ്ധതിക്ക് കല്ലിട്ടുള്ള സർവേയുടെ യഥാർത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കൽ തന്നെ എന്ന് വ്യക്തമാക്കുന്ന സർക്കാർ വിജ്ഞപനം ഇന്നലെ പുറത്തു വന്നിരുന്നു. വെറും സാമൂഹ്യ ആഘാത പഠനം മാത്രമാണെന്ന സർക്കാർ വാദങ്ങൾ ആണ് ഇതോടെ പൊളിയുന്നത്. വിഞാപനം സാങ്കേതികം മാത്രമെന്ന് വിശദീകരിച്ച റവന്യു മന്ത്രി പക്ഷെ ഭൂമി ഏറ്റെടുക്കില്ല എന്ന് ഒരിടത്തും പറയുന്നില്ല എന്ന് സൂചിപ്പിച്ചതോടെ ആശയക്കുഴപ്പം മുറുകി.

കെ റെയിൽ സിൽവർലൈനിനായുള്ള  സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിൻറെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിൻറെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവ്വേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഭൂമി ഏറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നു.

Related News