കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ തടഞ്ഞു, വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റം

  • 28/03/2022

ദില്ലി: കർണാടകയിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ തുടങ്ങി. ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്.

ഹിജാബ് അനുവദിക്കില്ലെന്നും പരീക്ഷയ്ക്ക് എത്തുന്നവർക്ക് യൂണിഫോം നിർബന്ധമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതിൽ നാലര ലക്ഷത്തോളം പെൺകുട്ടികളാണ്. ഹിജാബിൻറെ പേരിൽ പരീക്ഷ ബഹിഷ്‌കരിക്കുന്നവർക്ക് രണ്ടാമത് അവസരം നൽകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി അടക്കം തീരമഖലകളിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകൾക്ക് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, ഹിജാബ് നിരോധനത്തിൽ കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീംകോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിൻറെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും ഹർജിയിൽ വാദിക്കുന്നു. വിധി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിലുണ്ട്. കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്തയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഏതാനും വിദ്യാർത്ഥിനികൾ ഹർജികളിൽ അടിയന്തരമായി വാദം കേൾക്കണമെന്നാവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചിട്ടില്ല.

Related News