പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്, പ്രതിപക്ഷ ആവശ്യം തള്ളി

  • 28/03/2022

ദില്ലി: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ, തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്കും ഇന്ധന വിലവർധനയും പാർലമെൻറിൽ ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളി. ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും തളളി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ പന്ത്രണ്ട് മണിവരെ നിർത്തി വച്ചു. ഗാന്ധി പ്രതിമക്ക് മുൻപിലും എംപിമാർ പ്രതിഷേധിച്ചു.

അർധരാത്രി ആരംഭിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് മുംബൈ, ദില്ലി തുടങ്ങിയ വൻ നഗരങ്ങളെ ബാധിച്ചില്ല. ദില്ലിയിലും മുംബൈയിലും ഇന്നും ജനജീവിതം സാധാരണ പോലെയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങി. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്. 

അതേ സമയം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. അതേ സമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല. ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല.

Related News