പശ്ചിമബംഗാൾ നിയമസഭയിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളി; അഞ്ച് ബിജെപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

  • 28/03/2022

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും കൈയാങ്കളി. സംഭവത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള അഞ്ച് ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബിർഭൂംമ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭയിൽ പ്രസ്താവന നടത്തണമെന്ന് ബിജെപി എംഎൽഎമാർ ആവശ്യപ്പെട്ടു. തുടർന്ന് തൃണമൂൽ-ബിജെപി എംഎൽഎമാർ നടത്തിയ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.

ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്, എട്ടുപേർ കൊല്ലപ്പെട്ട ബിർഭൂം അക്രമത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാനനില ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം തൃണമൂൽ കോൺഗ്രസ് എതിർത്തു. തുടർന്നാണ് ബഹളവും സംഘർഷവുമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് മൂക്കിൽ നിന്ന് രക്തം വന്ന തൃണമൂൽ എംഎൽഎ അസിത് മജുംദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സുവേന്ദു അധികാരിയാണ് തന്റെ മൂക്കിനിടിച്ചതെന്ന് അസിത് ആരോപിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം അഞ്ചു ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു.

സുവേന്ദു അധികാരിക്ക് പുറമെ, ദീപക് ബർമൻ, ശങ്കർ ഘോഷ്, മനോജ് ടിഗ്ഗ, നരഹരി മഹതോ എന്നിവരാണ് സസ്‌പെൻഡ് ചെയ്തത്. ഈ വർഷം പൂർണമായും ഇവരെ സഭയിൽ ഹാജരാകുന്നതിന് സ്പീക്കർ വിലക്കി. ബംഗാളിലെ ക്രമസമാധാന പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി എംഎൽഎമാരെ മർദ്ദിക്കാൻ പൊലീസിനെ ഉപയോഗിച്ചെന്നും നേതാക്കൾ ആരോപിച്ചു.

Related News