മറന്നുവെച്ച ബാഗ് എടുക്കാന്‍ തിരികെ എത്തി; സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • 28/03/2022

ചെന്നൈ: ചെന്നൈയിൽ സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ആള്‍വാര്‍തിരുനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ വിരുഗമ്പാക്കം ഇളങ്കോ നഗര്‍ കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ വെട്രിവേലിന്റെയും ജെനിഫറിന്റെയും മകനായ ദീക്ഷിത്താണ് മരിച്ചത്. ആള്‍വാര്‍തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. 

മറന്നുവെച്ച ബാഗ് എടുക്കാനായി തിരികെ വരുമ്പോള്‍ പിന്നിലോട്ടെടുത്ത വാന്‍ കയറിയിറങ്ങിയാണ് അപകടം. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ചാണ് അപകടം ഉണ്ടായത്. വാനില്‍ നിന്ന് ഇറങ്ങി ക്ലാസിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തുകയായിരുന്നു. 

കുട്ടി വാനിന്റെ പിന്നിലുള്ള കാര്യം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ശരീരത്തില്‍കൂടി വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വളസരവാക്കം പൊലീസ് കേസെടുത്തു. വാന്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. 

Related News