സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നത്; പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി

  • 28/03/2022

കൊച്ചി: സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. അശാസ്ത്രിയവും അനാവശ്യവുമായ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാൻ അവസരം നിഷേധിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമർശിച്ചു.


സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സർവ്വേ നടത്തുന്നതിന് തടസ്സം നിൽക്കാനാവില്ലന്നെ പരാമർശത്തോടെ അപ്പീൽ തള്ളിയ സുപ്രീംകോടതി വിധി, ഈ പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കായ ജനങ്ങളുടെ ആശങ്കകൾ വേണ്ട രീതിയിൽ അപഗ്രഥിച്ചുണ്ടായിട്ടുള്ളതല്ല എന്ന് സമരസമിതി വിമർശിച്ചു.

കേരളമെന്ന അതീവ പരിസ്ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേൽ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി. ഈ നാടിനെ സ്നേഹിക്കുന്ന ഒരാൾക്കും ഇത്തരമൊരു നിർമ്മാണം അനുവദിക്കാൻ കഴിയുകയില്ല. 

സിൽവർ ലൈൻപദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ അനാഥമാക്കപ്പെടും. വമ്പിച്ച കടക്കെണിയിൽ മുങ്ങി നിൽക്കുന്ന നാടിനെ, സമൂഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യ വർഗ്ഗത്തിന് യാത്ര സൗകര്യം ഒരുക്കാൻ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക്‌ കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല.

Related News