പണിമുടക്ക് ദിവസം കട തുറന്നു; വ്യാപാരിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി

  • 28/03/2022

കോഴിക്കോട്: പണിമുടക്ക് ദിവസം കട തുറന്ന വ്യാപാരിക്ക് നേരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ശ്രീധരന് നേരെ സമരാനുകൂലികള്‍ നായ്ക്കുരണപൊടി വിതറുകയും മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ശ്രീധരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ടൗണിലെ അമ്മ പൂജാ സ്‌റ്റോര്‍ ഉടമയാണ് ശ്രീധരന്‍. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് ശ്രീധരന്‍ കട തുറന്നത്. മാര്‍ച്ച് അവസാനവാരം കടകള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതു കൊണ്ടാണ് കടകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീധരന്‍ പറഞ്ഞു. ശ്രീധരന്‍ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാര സ്ഥാപന ഉടമയ്ക്കതിരെ നടത്തിയ മർദ്ദനവും നായ്ക്കുരണ പ്രയോഗവും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതി വിധികൾ ഉണ്ടായിട്ടും വ്യാപാര സ്ഥാപനങ്ങൾക്ക് പോലിസ് സംരക്ഷണം ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ആക്രമണം കാണിച്ച വരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡഡ് എം.അബ്ദുൽ സലാം ജനറൽ സിക്രട്ടറി വി .സുനിൽകുമാർ ട്രഷറർ എ.വി.എം. കബീർ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Related News