പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദം എതിര്‍ത്തു; 17കാരി അമ്മയെ കൊലപ്പെടുത്തി

  • 28/03/2022

ചെന്നൈ: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരി അറസ്റ്റില്‍. ചെന്നൈയിലെ തൂത്തുക്കുടിയിലാണ് സംഭവം ഉണ്ടായത്. അയല്‍വാസികളായ രണ്ട് പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദം എതിര്‍ത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുനിയലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. 

ഞായറാഴ്ച പുലര്‍ച്ചെയാണ് വണ്ണാര്‍ മേഖലയില്‍ സംഭവം നടന്നത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മകള്‍ മൃതദേഹത്തിനരികില്‍ ഇരിക്കുകയായിരുന്നു. രണ്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി മുനിയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പുരുഷ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. 

ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുനിയലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. 17 വയസ്സുള്ള പെണ്‍കുട്ടിയും അവളുടെ അനുജത്തിയും ഒരു ഇളയ സഹോദരനും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രദേശത്തെ ആണ്‍കുട്ടികളോട് സംസാരിച്ചതിന് മുനിയലക്ഷ്മി പെണ്‍കുട്ടിയെ ശകാരിക്കുകയും മര്‍ദിക്കുകയും ചെയ്തതിരുന്നു. പിടിയിലായ മറ്റ് രണ്ട് പ്രതികളും പെണ്‍കുട്ടി തങ്ങളെ വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്തതായി സമ്മതിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related News