അവധിയില്ലാതെ ഇന്ധനവില വർധന; എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപ

  • 28/03/2022

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കത്തിക്കയറുകയാണ്. ഇന്നും വില കൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോൾ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.

Related News