മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു; യുവതിയുടെ വീടിന് തീവെച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

  • 29/03/2022

കോഴിക്കോട്:  നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു. വളയം സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. 

നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറിയ യുവാവ് വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. 

പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്നേഷ് വീണു. 

ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. രത്‌നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യവാരം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. യുവാവിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News