മുല്ലപ്പെരിയാർ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി, വിഷയവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തങ്ങൾക്ക് അറിയാമെന്ന് ജസ്റ്റിസ്

  • 29/03/2022

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരളവും തമിഴ്‌നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തങ്ങൾക്ക് അറിയാമെന്ന് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതി ശക്തിപ്പെടുത്തുന്നതിനായുള്ള ശുപാർശ തയ്യാറാക്കുന്നതിന് സംയുക്ത യോഗം ചേർന്നതായി സംസ്ഥാനങ്ങൾ കോടതിയെ അറിയിച്ചു. ചില വിഷയങ്ങളിൽ പുരോഗതിയുണ്ടായിട്ടുണ്ട്. കേരളം തമിഴ്‌നാടിനും, തമിഴ്നാട് കേരളത്തിനും ശുപാർശ സംബന്ധിച്ച കുറിപ്പ് കൈമാറിയിട്ടുണ്ട്. ഈ കുറിപ്പുകൾ തങ്ങൾ പരിഗണിച്ച് വരുന്നതായി കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫഡെയും സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിന് വേണ്ടി അഭിഭാഷകൻ ജി പ്രകാശും കോടതിയിൽ ഹാജരായി.

അന്തിമ ശുപാർശ വ്യാഴാഴ്ച കോടതിക്ക് കൈമാറാമെന്നും അഭിഭാഷകർ വ്യക്തമാക്കി. തുടർന്നാണ് ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മറ്റന്നാളത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നടന്ന സംയുക്ത യോഗത്തിൽ മേൽനോട്ട സമിതിയുടെ നിയന്ത്രണ അധികാരം സംബന്ധിച്ച് അന്തിമ ധാരണയായിരുന്നില്ല. അണക്കെട്ടിന്റെ നിയന്ത്രണം മേൽനോട്ട സമിതിക്ക് കൈമാറാൻ കഴിയില്ലെന്ന് തമിഴ്നാട് യോഗത്തിൽ വ്യക്തമാക്കി. അതേസമയം റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്റേഷൻ സ്‌കീം എന്നിവയുൾപ്പടെ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മേൽനോട്ട സമിതിക്ക് കൈമാറണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Related News