നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു

  • 29/03/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്യുന്നു. ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി. വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ  ദൃശ്യങ്ങൾ  തൻറെ കൈവശമില്ലെന്ന് ദിലീപ്  ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ.   

നടി കേസിലെ തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിൻറെ നേതൃത്തിലാണ് തുടർച്ചയായ രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. 

എന്നാൽ ഈ  ദൃശ്യം തൻറെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മറുപടി നൽകുന്നു. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.

Related News