ദേശീയ പാത, റെയിൽവേ, സംസ്ഥാന പാത പദ്ധതികളിൽ ബഫർ സോണുകളിൽ നഷ്ടപരിഹാരം നൽകാറില്ല; വിശദീകരണ കുറിപ്പ് പങ്കുവെച്ച് കെ റെയിൽ

  • 29/03/2022

തിരുവനന്തപുരം: കെ റെയിലിൽ ബഫർ സോണിൽ വരുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് സൂചന നൽകിക്കൊണ്ടുള്ള വിശദീകരണ കുറിപ്പ് പങ്കുവെച്ച് കെ റെയിൽ കോർപ്പറേഷൻ. ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരു വശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിർമാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണമെന്ന് കെ റെയിൽ വ്യക്തമാക്കി.

സിൽവർലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും പത്ത് മീറ്റർവീതമാണ് ബഫർ സോൺ. ഈ പത്ത് മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് വിലിക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമാണ പ്രവർത്തനങ്ങൾ നടത്താം. ദേശിയപാതകളിൽ നിലവിൽ അഞ്ച് മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. 

സംസ്ഥാന പാതകളിൽ ഇത്തരം നിർമ്മാണ നിയന്ത്രണം മൂന്ന് മീറ്റർ ആണ്. ദേശീയ പാത, റെയിൽവേ, സംസ്ഥാന പാത അടക്കമുള്ള പദ്ധതികളിൽ ഇത്തരം ബഫർ സോണുകളിൽ നഷ്ടപരിഹാരം നൽകാറില്ലെന്നും കെ റെയിൽ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ റെയിലിന്റെ പരാമർശം.

Related News