50 വർഷം നീണ്ട തർക്കത്തിന് പരിഹാരം; സംയുക്ത കരാറിൽ ഒപ്പിട്ട് അസമും മേഘാലയയും

  • 29/03/2022

ന്യൂഡൽഹി: വർഷങ്ങളായി നിലനിൽക്കുന്ന അസം - മേഘാലയ അതിർത്തി തർക്കം പരിഹരിക്കാനുള്ള കരാറിൽ ഒപ്പുവെച്ച് അത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ആണ് കരാറിൽ ഒപ്പുവെച്ചത്. തങ്ങളുടെ സംസ്ഥാനങ്ങൾ തമ്മിലുള്ള 50 വർഷമായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനാണ് കരാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

ദശാബ്ദങ്ങൾ നീണ്ട തർക്കം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഒപ്പു വെച്ചത് വടക്ക് - കിഴക്കൻ മേഖലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ദിവസമാണെന്ന് അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ ഓഫീസിൽ നടന്ന യോഗത്തിൽ മേഘാലയ സർക്കാരിന്റെ 11 പ്രതിനിധികളും അസം സർക്കാരിന്റെ ഒമ്ബത് പ്രതിനിധികളും പങ്കെടുത്തു. അസം, മേഘാലയ സർക്കാരുകൾ 12 പ്രദേശങ്ങളിൽ ആറിലും അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിന് കരട് പ്രമേയം കൊണ്ടുവന്നിരുന്നു.

അസമും മേഘാലയയും 885 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് പങ്കിടുന്നത്. അപ്പർ താരാബാരി, ഗസാങ് റിസർവ് ഫോറസ്റ്റ്, ഹാഹിം, ലാങ്പിഹ്, ബോർഡുവാർ, ബോക്ലപാറ, നോങ്വ, മതാമൂർ, ഖാനപാറ-പിലാങ്കട്ട, ദേശ്‌ഡെമോറിയ ബ്ലോക്ക് ക, ബ്ലോക്ക് കക, ഖണ്ഡുലി, റെറ്റാചെറ എന്നീ പ്രദേശങ്ങളിലാണ് അസം-മേഘാലയ അതിർത്തി തർക്കം നിലനിൽക്കുന്നത്. 1971 - ലെ അസം പുനഃസംഘടന നിയമത്തിന് കീഴിലാണ് മേഘാലയയെ അസമിൽ നിന്ന് വേർപെടുത്തിയത്. ഈ നിയമം അത് വെല്ലുവിളിക്കുകയും തർക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

രണ്ട് വടക്ക് - കിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള അതിർത്തി തർക്കം പരിഹരിക്കാൻ കഴിയുമെന്ന് ഈ വർഷം ജനുവരി മാസത്തിൽ ബി ജെ പി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ സൂചന നൽകിയിരുന്നു. അസമിനും മേഘാലയയ്ക്കും ഇടയിൽ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്ന് വരികയാണെന്നും കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇടപെടുന്ന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പങ്ക് നിലനിൽക്കുമെന്നും കഴിഞ്ഞയാഴ്ച ആദ്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിനെ അറിയിച്ചിരുന്നു.

Related News