പുതുക്കിയ ലോകായുക്ത ഓർഡിനൻസ്; തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ

  • 29/03/2022

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനൻസിൻറെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തുന്നത്. സി പി ഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്. നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സി പി ഐ നേതൃത്വം വിമർശിച്ചിരുന്നു. ഓർഡിനൻസ് അംഗീകരിച്ചതിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി പി ഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് പറഞ്ഞിരുന്നു.

തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. സി പി ഐ മന്ത്രിമാർ എതിരഭിപ്രായം പറഞ്ഞാലും മിനുട്‌സിൽ എതിർപ്പ് രേഖപ്പെടുത്തുന്ന പതിവില്ല.മന്ത്രിസഭാ യോഗത്തിന് മുമ്പ് സി പി ഐ നേതൃത്വം വീണ്ടും പാർട്ടി മന്ത്രിമാർക്ക് നിർദേശം നൽകാനും സാധ്യതയുണ്ട്. ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ  ഹർജി ഹൈക്കോടതിയിൽ. പൊതുപ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഹർജി നൽകിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. 

ലോകായുക്തയുടെ പ്രവർത്തന സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുന്ന ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ദുരിതാശ്വാസ  ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ. ലോകായുക്ത ഭേദഗതി ഓർഡിനൻസിന് നേരത്തെ കോടതി സ്റ്റേ നൽകിയിരുന്നില്ല. ഓർഡിനൻസ് സ്റ്റേ ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടായിരുന്നു സ്റ്റേ ആവശ്യം അന്ന് ഹൈക്കോടതി തള്ളിയത്. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.

Related News