കേരളത്തിൽ കാർഷിക വിളകളിൽ നിന്ന് വൈനും മദ്യവും ഉൽപ്പാദിപ്പിക്കാൻ തീരുമാനം; മന്ത്രിസഭ അനുമതി നൽകി

  • 30/03/2022

തിരുവനന്തപുരം: കാർഷിക വിളകളിൽ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉൽപ്പാദിപ്പിക്കാൻ ഇന്നത്തെ മന്ത്രി സഭാ യോഗം തീരുമാനിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുക. സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കശുമാങ്ങ, ജാതിക്ക, പൈനാപ്പിൾ, തുടങ്ങിവയിൽ നിന്നുള്ള ഉൽപാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും ഇങ്ങിനെയൊരു തീരുമാനമില്ലെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഐടി പാർക്കുകളിൽ മദ്യം ലഭ്യമാക്കാനുള്ള വഴികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. കൂടുതൽ മദ്യശാലകൾ വരുമെന്നും ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ സൗകര്യം കൂട്ടുമെന്നും മന്ത്രി അറിയിച്ചു. ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടർന്ന് ഡ്രൈ ഡേ പിൻവലിക്കേണ്ടെന്ന് തീരുമാനിച്ചു.

Related News