അതിർത്തി സുരക്ഷ വിലയിരുത്താൻ ഉന്നതലയോഗം; കരസേന മേധാവിയും പങ്കെടുക്കും

  • 30/03/2022

ദില്ലി: അതിർത്തി സുരക്ഷാ വിലയിരുത്തലിനുള്ള യോഗത്തിൽ പങ്കെടുക്കാൻ കരസേന മേധാവി എംഎം നരവനെ ഇന്ന് ലക്‌നൗവിൽ എത്തും. മൂന്ന് ദിവസത്തെ യോഗത്തിൽ കരസേനയിലെയും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ഇന്ത്യ -ചൈന അതിർത്തിയിലേയും ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലേയും സുരക്ഷാ വിലയിരുത്തൽ ചർച്ച ചെയ്യാനായാണ് ലക്‌നൗവിൽ യോഗം ചേരുന്നത്. ഇന്നലെ തുടങ്ങിയ യോഗത്തിൽ കരസേനയിലെയും വ്യോമസേനയിലും ഉന്നത ഉദ്യോസ്ഥരാണ് പങ്കെടുക്കുന്നത്. 

യോഗത്തിൽ ഇന്ന് കരസേന മേധാവി എംഎം നരവനെ കൂടി പങ്കെടുക്കും. നിലവിലെ സുരക്ഷ ക്രമീകരണങ്ങൾ, മുന്നൊരുക്കങ്ങൾ  അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകൾ നടക്കുക. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ദിവസം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവൽ അടക്കമുള്ളവരുമായി നയതന്ത്രതല ചർച്ചയും ചൈനീസ് വിദേശകാര്യമന്ത്രി നടത്തി.

എന്നാൽ ഇതിന് ശേഷവും അതിർത്തിയിലെ സാഹചര്യത്തിന് മാറ്റം വന്നിട്ടില്ല. ചൈന പൂർണ്ണ സൈനീക പിൻമാറ്റം നടത്തണമെന്നാണ് നയതന്ത്രതല ചർച്ചയിൽ ഇന്ത്യ സ്വീകരിച്ച നിലപാട്. യുക്രൈൻ റഷ്യ യുദ്ധ സാഹചര്യത്തിൽ ഇന്ത്യ അതിർത്തിയിലെ ജാഗ്രത നേരത്തെ തന്നെ വർധിപ്പിച്ചിട്ടുണ്ട്. ചൈനയിലെ അതിർത്തിയിൽ വേനൽക്കാല പരിശീലനം നടക്കുന്നതിനാലും നിരീക്ഷണം ശക്തമാണ്. പരിശീലന ഘട്ടത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്ന് പലപ്പോഴും കയ്യേറ്റ ശ്രമം ഉണ്ടായിട്ടുള്ളത് എന്നതാണ് ഇന്ത്യ  ജാഗ്രത കൂട്ടാൻ കാരണം.

Related News