പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; കേരളത്തിൽ ആദ്യമായി ഒരു കേസിൽ വിധിയായി

  • 30/03/2022

കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിനിടെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് അക്രമിച്ച കേസിൽ  കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ  57 പ്രതികളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണാണ് സിദ്ദിഖ് ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്ന് വിധിച്ചത്. ടി സിദ്ദിഖിന് പുറമെ കോൺഗ്രസ് നേതാക്കളായ കെ പ്രവീൺ കുമാർ, പി എം നിയാസ്, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിവരും കേസിൽ പ്രതികളായിരുന്നു.

2019 ഡിസംബർ 21 നായിരുന്നു സംഭവം. പൊതു മുതൽ നശിപ്പിച്ചു, സംഘം ചേർന്ന് അക്രമം നടത്തി തുടങ്ങി പത്ത് വകുപ്പുകളായിരുന്നു പ്രതികൾക്ക് നേരെ ചുമത്തിയിരുന്നത്. പൗരത്വ നിയമ പ്രക്ഷോഭത്തിൽ വിധി പറയുന്ന ആദ്യ കേസാണിത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച പൗരത്വ ബില്ലിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പിണറായി പൊലീസ് എടുത്ത കേസിനെതിരെ കോടതിയിൽ പോരാടി വിജയിക്കുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.

പൗരത്വ ബില്ലിന്റെ പേരിൽ പ്രതിഷേധിച്ചവരുടെ കേസുകൾ പിൻവലിക്കുമെന്ന വെറും വാക്ക് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല. അങ്ങനെയൊരു പിൻവലിക്കൽ നടന്നതുമില്ല. അതൊക്കെ വെറും തെരഞ്ഞെടുപ്പ് ഗിമ്മിക് മാത്രമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. കേന്ദ്രം ഭരിക്കുന്ന മോദിയുടേയും അമിത് ഷായുടേയും ആഗ്രഹങ്ങൾ നടത്തിക്കൊടുലാണല്ലോ പിണറായി പൊലീസിന്റെ പണി. പൗരത്വ ബില്ലിൽ ഞങ്ങളുണ്ട് കൂടെ എന്ന് പറയുകയും പ്രതിഷേധിക്കുന്നവരെ അക്രമിക്കുകയും ജയിലിലടക്കുകയുമായിരുന്നു പിണറായി പൊലീസ് ചെയ്തത്. സമരത്തെ ഒറ്റ് കൊടുത്ത ആട്ടിൻ തോലണിഞ്ഞ ചെന്നായയെ പോലെ എന്ന് തന്നെ പറയേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.

Related News