വിഷം കൊടുത്തശേഷം കുത്തിക്കൊന്നു; കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടനിലയിൽ; ഗൃഹനാഥനെ കാണാനില്ല

  • 30/03/2022

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അഹമ്മദാബാദ് വിരാട്നഗർ ദിവ്യപ്രഭ സൊസൈറ്റിയിൽ താമസിക്കുന്ന സൊനാൽ മറാത്തി(37) മക്കളായ പ്രഗതി(15) ഗണേഷ്(17) സൊനാലിന്റെ മുത്തശ്ശി സുഭദ്ര(75) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൊനാലിന്റെ ഭർത്താവായ വിനോദ് മറാത്തിയെ വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്. നാലുപേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടതായാണ് പോലീസിന്റെ സംശയം. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് നാലുപേരുടെയും മൃതദേഹങ്ങൾ അഴുകിയനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. രണ്ടുദിവസമായി മകളെ ഫോണിൽവിളിച്ചിട്ട് കിട്ടുന്നില്ലെന്ന് സൊനാലിന്റെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. പോലീസ് ഇവിടെ എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ജനൽ തുറന്നതോടെ വീട്ടിനുള്ളിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടക്കുകയും വീട്ടിലെ വിവിധയിടങ്ങളിലായി മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.

രണ്ട് മൃതദേഹങ്ങൾ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു. ഒരു മൃതദേഹം ശൗചാലയത്തിലും മറ്റൊന്ന് ശൗചായലത്തിന്റെ പുറത്തുമാണ് കിടന്നിരുന്നത്. ഏകദേശം നാലുദിവസം മുമ്പാണ് കൂട്ടക്കൊല നടന്നതെന്നാണ് പോലീസിന്റെ നിഗമനം. വിഷം നൽകിയ ശേഷം കുത്തിക്കൊന്നതാണെന്നും സംശയിക്കുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കിടപ്പുമുറിയിലേക്കും ശൗചാലയത്തിലേക്കും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ 40-50 തവണ കുത്തേറ്റ മുറിവുകളുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

റിക്ഷാ ഡ്രൈവറായ വിനോദും കുടുംബവും അടുത്തിടെയാണ് നിക്കോളിൽനിന്ന് വിരാട്നഗറിലേക്ക് താമസം മാറിയത്. കൊല്ലപ്പെട്ട രണ്ട് കുട്ടികളും സ്‌കൂളിലെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരായിരുന്നു. ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. രണ്ടുമാസം മുമ്പ് വിനോദ് ഭാര്യയെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. അന്ന് ചികിത്സ തേടിയെങ്കിലും യഥാർഥ സംഭവം ഇവർ ആശുപത്രിയിൽ വെളിപ്പെടുത്തിയിരുന്നില്ല. അപകടത്തിൽ പരിക്ക് പറ്റിയതാണെന്നായിരുന്നു ഇവരുടെ മൊഴി. സംഭവത്തിൽ ഒദ്ദാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.

Related News