തൊഴിലുറപ്പ് കൂലി കൂട്ടി; കേരളത്തിൽ 20 രൂപയുടെ വർധന, ദിവസക്കൂലി 311 രൂപ

  • 30/03/2022

ന്യൂഡൽഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിൽ തൊഴിലാളികൾക്ക് 20 രൂപ കൂലി വർധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവിൽ 291 രൂപയായിരുന്നു സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലി.

വേതനത്തിൽ ഏറ്റവും കൂടുതൽ വർധനവ് ഗോവയിലാണ്. 21 രൂപ ഗോവയിൽ കൂട്ടി. പത്ത് സംസ്ഥാനങ്ങളിൽ അഞ്ച് ശതമാനത്തിന് മുകളിലുള്ള വർധനവുണ്ടായി. അതേസമയം മിസോറാം, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ഒരുരൂപ പോലും വർധിച്ചിട്ടില്ല. പുതുക്കിയ വേതനനിരക്ക് ഉടൻ പ്രാബല്യത്തിൽ വരും.

നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്, 331 രൂപ. ഏറ്റവും കുറവ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ്. 204 രൂപ.

Related News