85 വയസുകാരൻ ബാങ്ക് ലോക്കറിനുള്ളിൽപ്പെട്ടു; പുറത്ത് കടക്കാനായത് 18 മണിക്കൂറുകൾക്ക് ശേഷം

  • 30/03/2022

ഹൈദരബാദ്: 85 വയസുകാരനെ അബദ്ധവശാല്‍ ബാങ്ക് ലോക്കറിനുള്ളില്‍ പൂട്ടിയിട്ട് ജീവനക്കാരന്‍. ഇതേതുടര്‍ന്ന് ഒരുരാത്രി മുഴുവന്‍ വയോധികന്‍ ലോക്കറിനകത്ത് കുടുങ്ങി. പതിനെട്ടുമണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് കടക്കാനയത്.


ചൊവ്വാഴ്ച രാവിലെ പത്തരയോടെ ബാങ്ക് തുറന്നപ്പോഴാണ് ലോക്കര്‍ റൂമിനുള്ളില്‍ ജീവനക്കാര്‍ വയോധികനെ കണ്ടെത്തിയത്. പ്രമേഹമുള്‍പ്പടെ മറ്റ് പല അസുഖങ്ങളും ഉള്ളതിനാല്‍ അവശനിലയിലായ ഇയാളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

ജൂബിലി ഹില്‍സ് റോഡില്‍ താമസിക്കുന്ന 85 വയസ്സുകാരനായ വി. കൃഷ്ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് 4.30യോടെയാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ തിരിച്ചെടുക്കുന്നതിനായി ബഞ്ചാര ഹില്‍സിലെ ബാങ്കിലെത്തിയത്.

പരിശോധനക്ക് ശേഷം അദ്ദേഹത്തെ ലോക്കര്‍ മുറിയിലേക്കയച്ചു. ബാങ്ക് അടക്കാനുള്ള സമയമായ വിവരം റെഡ്ഢിയെ ജീവനക്കാര്‍ അറിയിച്ചിരുന്നില്ല. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ ലോക്കര്‍ മുറിയിലുള്ള റെഡ്ഡിയെ ശ്രദ്ധിക്കാതെ അബദ്ധത്തില്‍ ബാങ്ക് അടക്കുകയായിരുന്നു.

ബാങ്ക് ജീവനക്കാരുടെ അനാസ്ഥമൂലം ഒരു രാത്രി മുഴുവന്‍ ബാങ്കിലെ ലോക്കര്‍ മുറിയില്‍ കുടുങ്ങി കിടന്ന റെഡ്ഡിയെ പിറ്റേ ദിവസം രാവിലെയാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് ജീവനക്കാരന്‍ ലോക്കര്‍ മുറി തുറന്നപ്പോഴാണ് ഇദ്ദേഹത്തെ കണ്ടത്

സമയം ഏറെ വൈകിയിട്ടും റെഡ്ഡി തിരിച്ചെത്താതില്‍ പരിഭ്രാന്തരായ ബന്ധുക്കള്‍ ജൂബിലി ഹില്‍സ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Related News