കേന്ദ്രത്തെ വിറപ്പിക്കാൻ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം, സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധം ഇന്ന്

  • 31/03/2022

ദില്ലി: ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക് വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധിക്കും. സിലിണ്ടറിന് മുന്നിൽ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും  കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധർണയും വരും ദിവസങ്ങളിൽ നടക്കും. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നലെയും കൂടിയിരുന്നു. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വർധിച്ചത്. ഒൻപത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വർധനവായിരുന്നു ഇന്നലെത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് കർപ്പൂരം മുതൽ കംപ്യൂട്ടർ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിക്കാൻ കാരണമാകും.

രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയെയും നിരക്കുകളെയും ഇത് ബാധിക്കുകയും ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്.

വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോൾ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.

Related News