ലോകത്തിലെ ഏറ്റവും കുറഞ്ഞ യാത്രാ നിരക്കുള്ള വിമാനക്കമ്പനിയെ തിരുവനന്തപുരത്ത് എത്തിക്കാന്‍ അദാനി ഗ്രൂപ്പ്

  • 31/03/2022


തിരുവനന്തപുരം: വളര്‍ച്ചയിലേക്ക് കുതിക്കുന്ന തിരുവനന്തപുരത്തിന് വ്യോമമാര്‍ഗം യൂറോപ്പ്,ആസ്‌ട്രേലിയന്‍ കണക്ഷന്‍ തുറക്കുന്നു. രണ്ടിടത്തേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ വിമാനക്കമ്പനികളും അദാനിഗ്രൂപ്പും ചര്‍ച്ചയിലാണ്. ഗള്‍ഫ് വഴിയുള്ള കണക്ഷന്‍ സര്‍വീസുകളിലൂടെയേ നിലവില്‍ ഇവിടങ്ങളിലേക്ക് പറക്കാനാവൂ. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ തലസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെത്തുമെന്നും ടൂറിസം, ഐ.ടി വികസനം വേഗത്തിലാകുമെന്നും വിലയിരുത്തപ്പെടുന്നു.

ആസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാര്‍ നേരത്തേ തിരുവനന്തപുരത്തുനിന്ന് സര്‍വീസ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ആസ്‌ട്രേലിയന്‍ കണക്ഷന്‍ ലഭിക്കുന്ന വിധത്തില്‍ തിരുവനന്തപുരത്തുനിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസിനാണ് ജെറ്റ്സ്റ്റാര്‍ ശ്രമിച്ചത്. മെല്‍ബണ്‍ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാര്‍ വന്നെങ്കില്‍ യാത്രാനിരക്കുകള്‍ കാര്യമായി കുറയുമായിരുന്നു. ലോകറാങ്കിംഗില്‍ മുന്നിലാണ് ജെറ്റ്സ്റ്റാറിന്റെ സ്ഥാനം. സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന ബഡ്ജറ്റ് എയര്‍ലൈനായ സ്‌കൂട്ട് എയര്‍ലൈന്‍ അമേരിക്കയിലേക്കും ആസ്‌ട്രേലിയയിലേക്കും കണക്ഷന്‍ യാത്രയൊരുക്കും. ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്‌കോ, സിഡ്‌നി എന്നിവിടങ്ങളിലേക്കാവും ഇവിടെ നിന്നുള്ള കണക്ഷന്‍. സിംഗപ്പൂരില്‍ നിന്ന് സിംഗപ്പൂര്‍ എയര്‍ലൈനിലാവും അമേരിക്കന്‍, ആസ്‌ട്രേലിയന്‍ കണക്ഷനുകള്‍. ആസ്‌ട്രേലിയ,തായ്ലാന്‍ഡ്,ഇന്തോനേഷ്യ,ജര്‍മ്മനി,ചൈന എന്നിങ്ങനെ 60 രാജ്യങ്ങളിലേക്ക് സ്‌കൂട്ടിന് സര്‍വീസുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപകമ്പനിയാണിത്.

ഒമാന്‍ എയര്‍സര്‍വീസ് നിറുത്തിയതിന് പകരം സലാം എയര്‍സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ ബംഗളൂരുവിലേക്ക് ഇന്‍ഡിഗോ സര്‍വീസ് കൂട്ടും. നിലവിലെ 28 സര്‍വീസുകള്‍ 36 ആകും. ബംഗളൂരുവിലേക്ക് പ്രതിദിനം അഞ്ച് സര്‍വീസുകളുണ്ടാവും. ഇതിനുപുറമെ സ്പൈസ് ജെറ്റിന്റെ ഒരു പ്രതിവാര സര്‍വീസുമുണ്ടാവും. ബാങ്കോക്ക്, സലാല,ഹാനിമാധൂ (മാലദ്വീപ്) എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങും. കൊല്‍ക്കത്ത,പൂനെ,ദുര്‍ഗാപൂര്‍ എന്നിവിടങ്ങളിലേക്ക് പുതിയ ആഭ്യന്തര സര്‍വീസുകളുമുണ്ട്.

150ലേറെ രാജ്യങ്ങളിലെ 1000 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് തിരുവനന്തപുരത്തുനിന്ന് സര്‍വീസ് തുടങ്ങും. ഇവിടെ നിന്ന് തമിഴ് യാത്രക്കാര്‍ കൂടുതലുള്ളതാണ് മലേഷ്യന്‍ എയര്‍ലൈന്‍സിനെ ആകര്‍ഷിച്ചത്. ഏഷ്യ,ആഫ്രിക്ക,അമേരിക്ക,പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം സര്‍വീസുള്ള മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വരവ് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകള്‍ക്ക് വഴിയൊരുക്കും. തിരുവനന്തപുരത്തുനിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ പഠനം നടത്തുന്നുണ്ട്. ലാഭമുണ്ടായാലേ കൂടുതല്‍ സര്‍വീസുകള്‍ വരൂ. തിരുവനന്തപുരത്ത് കണക്ഷന്‍ ഇല്ലാത്ത നഗരങ്ങളിലേക്ക് മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് യാത്രചെയ്യുന്നവരുടെ എണ്ണമടക്കം ശേഖരിച്ചുള്ള പഠനമാണ് നടക്കുന്നത്. ഇതിനുശേഷമാവും പുതിയ സര്‍വീസുകള്‍ക്ക് കേന്ദ്രാനുമതി തേടുക.

തലസ്ഥാനത്തു നിന്ന് ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍ – പ്രതിവാരം 30 എണ്ണം. ദോഹ (18), മസ്‌കറ്റ്, ദുബായ് (17 വീതം) എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ട്. ഇതോടെ പ്രതിവാര അന്താരാഷ്ട്ര സര്‍വീസുകള്‍ 95ല്‍ നിന്ന് 138 ആയി ഉയരും. യൂറോപ്പ്,ആസ്‌ട്രേലിയന്‍ കണക്ഷനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കൂടുതല്‍ സര്‍വീസുകളും യാത്രക്കാരുമാണ് ലക്ഷ്യം. എല്ലാ സാദ്ധ്യതകളും പരിശോധിക്കും’-അദാനി ഗ്രൂപ്പ്.

Related News