മധ്യസ്ഥത വഹിക്കാൻ മോദിക്ക് സമ്മതമെങ്കിൽ സ്വാഗതം ചെയ്യും; യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രൈൻ മന്ത്രി

  • 31/03/2022

ന്യൂഡൽഹി: റഷ്യയുമായി പുലർത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുക്രൈൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെങ്കിൽ, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ആരാഞ്ഞപ്പോഴായിരുന്നു എൻഡി ടിവിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുതിനെ ബോധ്യപ്പെടുത്താൻ അഭ്യർഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ' റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുതിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാൻ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയിൽ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്'- കുലേബ കൂട്ടിച്ചേർത്തു.

യുക്രൈനെ ഇന്ത്യ പിന്തുണയ്ക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കുലേബ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ ഉല്പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് യുക്രൈൻ. ഇന്ത്യൻ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നൽകുന്നവരുമാണ് തങ്ങളെന്നും സൂര്യകാന്തി എണ്ണ, ധാന്യപ്പൊടികളടക്കമുള്ള മറ്റ് ഉല്പന്നങ്ങൾ അടക്കം നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഖാർക്കീവിൽ റഷ്യൻ ബോംബാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തിൽ കുലേബ അനുശോചനം രേഖപ്പെടുത്തി. ടാങ്കറുകളും വിമാനവുമായി റഷ്യ എത്തുന്ന ദിവസം വരെ ഇന്ത്യൻ വിദ്യാർഥികൾക്ക് യുക്രൈൻ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാർഥികൾ തിരികെ എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News