എ കെ ആൻറണി അടക്കം 72 എംപിമാർക്ക് രാജ്യസഭയിൽ യാത്രയയപ്പ്; അനുഭവമാണ് അക്കാദമിക മികവിനെക്കാൻ വലുതെന്ന് പ്രധാനമന്ത്രി

  • 31/03/2022

ദില്ലി: എ കെ ആന്റണിയടക്കം 72 എംപിമാർ കാലാവധി പൂർത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. അനുഭവമാണ് അക്കാദമിക മികവിനെക്കാൻ വലുതെന്നും എംപിമാരുടെ സംഭാവനകൾ രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭ അംഗങ്ങളുടെ വിടവാങ്ങൽ ചടങ്ങിൽ പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആൻറണിയെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. 

സമീപകാലത്ത് ഏറ്റവുമധികം അംഗങ്ങൾ രാജ്യസഭയുടെ പടിയിറങ്ങുകയാണ്. കാലാവധി കഴിയുന്നവരുടെ സംഭാവനകൾ നിസ്തുലമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരിൽ നിന്ന് ധാരാളം പഠിക്കാനായെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മോദി പറഞ്ഞു. ആനന്ദ് ശർമ്മയില്ലാത്ത രാജ്യസഭയെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നായിരുന്നു എളമരം കരീമിൻറെ പരാമർശം. കശ്മീരടക്കമുള്ള വിഷയങ്ങളിലെ ഇടപെടൽ അത്ര ഗംഭീരമായിരുന്നുവെന്നും എളമരം കരീം സഭയെ ഓർമ്മിപ്പിച്ചു. വികാര നിർഭരമായാണ് സഭ അംഗങ്ങൾക്ക് വിട നൽകിയത്. കുറച്ച് സംസാരിക്കുകയും, കൂടുതൽ കാര്യങ്ങൾ ചെയ്യുന്നയാളാണ് എ കെ ആൻറണിയെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രീയത്തിൽ വിരമിക്കൽ എന്നൊന്നില്ലെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. 

ശ്രദ്ധേയരായ മലയാളി എംപിമാർ പടിയിറങ്ങുകയാണ്. എ കെ ആൻറണി, സോമ പ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി ആദ്യം പൂർത്തിയാകും. പിന്നാലെ സുരേഷ് ഗോപി. ജുലൈയിൽ അൽഫോൺസ് കണ്ണന്താനവും പടിയിറങ്ങും. കാലാവധി പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ കെ ആൻറണി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമോയെന്ന ചോദ്യത്തോട് ആൻറണി മനസ് തുറന്നിട്ടില്ല.

Related News