വിമാനയാത്രക്കിടെ ല​ഗേജ് മാറി, എയർലൈൻസിന്റെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്‍ത് ടെക്കി യുവാവ്

  • 31/03/2022

ബെംഗളൂരു: വിമാനയാത്രക്കിടെ ലഗേജ്  നഷ്‌ടപ്പെടുന്നതോ മാറിപ്പോവുന്നതോ ആയ പ്രശ്‌നങ്ങൾ നാം കേട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടമായ ലഗേജ് എയര്‍ലൈന്‍ കമ്പനിയുടെ വെബ്‌സൈറ്റ് 'ഹാക്ക്' ചെയ്ത് കണ്ടെത്തിയിരിക്കുകയാണ് യുവ എന്‍ജിനീയര്‍. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാറാണ് തന്റെ ലഗേജ് കണ്ടെത്താനായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്‌.

തന്റെ പരാതിയില്‍ ഇന്‍ഡിഗോ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതോടെയാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നും ഒടുവില്‍ മറ്റൊരു യാത്രക്കാരനില്‍നിന്ന് തന്റെ ലഗേജ് കണ്ടെത്തിയെന്നുമാണ് നന്ദന്‍കുമാര്‍ പറയുന്നത്. ബെംഗളൂരുവില്‍ വിമാനം ഇറങ്ങിയത് മുതല്‍ ലഗേജ് കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെല്ലാം യുവാവ് ട്വീറ്ററിലൂടെ വിശദീകരിച്ചിട്ടുമുണ്ട്. 

മാര്‍ച്ച് 27-ന് ഇൻഡിഗോ വിമാനത്തിൽ പാറ്റ്‌നയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇയാള്‍. എന്നാൽ, അവിടെ വച്ച് അദ്ദേഹത്തിന്റെ ബാഗ് വിമാനത്തിലെ മറ്റൊരു യാത്രക്കാരനുമായി കൈമാറ്റം ചെയ്യപ്പെട്ടു. രണ്ട് ബാഗുകളും കാഴ്ചയിൽ ഒരു പോലെ ഇരുന്നതിനാൽ നന്ദനും അത് ശ്രദ്ധിച്ചില്ല. എന്നാല്‍ തന്റെ ഭാര്യ ബാഗിലെ ഒരു ലോക്ക് ചൂണ്ടിക്കാണിച്ചപ്പോഴാണ് ബാഗ് മാറിയ വിവരം നന്ദന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ലഗേജ് മാറിയെന്ന് മനസിലായതോടെ വീട്ടിലെത്തിയ നന്ദന്‍കുമാര്‍ കസ്റ്റമര്‍ കെയര്‍ ടീമിനെ പരാതി അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടായില്ല.

ഒരു കസ്റ്റമർ കെയർ ഏജന്റുമായി ബന്ധപ്പെടുന്നതിന് താൻ ദീർഘനേരം കാത്തിരിക്കുകയും ഒന്നിലധികം തവണ വിളിക്കുകയും ചെയ്തുവെന്ന് ടെക്കി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരനെ ബന്ധപ്പെടാൻ കസ്റ്റമർ കെയർ സഹായിക്കാതിരുന്നതിനാൽ നന്ദന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ നന്ദൻ തന്റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ശ്രമിച്ചു.

നന്ദന് ലഭിച്ച ബാഗിൽ നിന്ന് യാത്രക്കാരന്റെ പിഎൻആർ കണ്ടെത്തി. അത് എയർലൈനിന്റെ വെബ്‌സൈറ്റിൽ തിരയാൻ ശ്രമിച്ചു, എന്നാൽ ഇത് വിജയിച്ചില്ല. ഇതിനെ തുടർന്ന്, എയർലൈന്റെ വെബ്‌സൈറ്റിലെ ഡെവലപ്പർ കൺസോൾ തുറന്നതിന് ശേഷം അദ്ദേഹം നെറ്റ്‌വർക്ക് ലോഗ് റെക്കോർഡ് ഓണാക്കി ചെക്കിൻ ഫ്ലോ പരിശോധിച്ചു.

ഒടുവിൽ, നന്ദന് തന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ യാത്രക്കാരന്റെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടുകയും ബാഗ് തിരികെ വാങ്ങുകയും ചെയ്തു. തുടർന്ന് എയർലൈനിനോട് ഐവിആർ ശരിയാക്കണമെന്നും കസ്റ്റമർ കെയർ സേവനം കൂടുതൽ കാര്യക്ഷമമാക്കണെന്നും നന്ദൻ അഭ്യർത്ഥിച്ചു. അതേസമയം എയർലൈനിന്റെ വെബ്‌സൈറ്റിൽ നിന്ന് “സെൻസിറ്റീവ് ഡാറ്റകൾ ചോർത്താൻ” കഴിയുമെന്ന് അവരെ അറിയിക്കുകയും ചെയ്തു.

എന്നാൽ ഇതിനെ തുടർന്ന് വിമാനക്കമ്പനി നന്ദനോട് ട്വിറ്റിലൂടെ പ്രതികരിക്കുകയും നഷ്ടപ്പെട്ട ബാഗേജ് തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമം വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉണ്ടായ അസൗകര്യത്തിന് അവർ ഖേദം പ്രകടിപ്പിക്കുകയും വെബ്‌സൈറ്റിന്റെ സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 

Related News