സിറോ മലബാർ സഭ ഭൂമി ഇടപാട്: അന്വേഷണം നടക്കട്ടെ; സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

  • 01/04/2022

ന്യൂഡൽഹി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ സിറോ മലബാർ സഭ ഭൂമി ഇടപാടു കേസ് അന്വേഷണം ശരിവെച്ച് സുപ്രീംകോടതി. ഈ ഘട്ടത്തിൽ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കർദിനാളിന്റെ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. രണ്ട് ആഴ്ചയ്ക്കകം മറുപടി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സഭയുടെ ഏറ്റവും മുതിർന്ന അംഗമായ ജോർജ് ആലഞ്ചേരിയുടെ ലിബർട്ടി വരെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും, അന്വേഷണത്തിന്റെ ഭാഗമായുള്ള സമൻസ് പുറപ്പെടുവിച്ചെന്നും അറസ്റ്റ് വരെ ഉണ്ടായേക്കാമെന്നും ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രെ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് മാസങ്ങൾ കഴിഞ്ഞെന്നും, ഇപ്പോൾ സ്റ്റേ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹർജിയിൽ വാദം കേൾക്കാൻ തയ്യാറാണ്. എന്നാൽ ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടാനാകില്ല. അന്വേഷണത്തിന് വിഘാതമുണ്ടാക്കുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ടു പോകട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിരവദി കേസുകൾ കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ട്. ആ കേസുകളും സ്റ്റേ ചെയ്യണമെന്ന് കർദിനാൾ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം സുപ്രീംകോടതി പൂർണമായും തള്ളി.

Related News