ഗവർണർ നിയമനം: അധികാരം സംസ്ഥാനങ്ങൾക്ക് വിടണമെന്ന് വി ശിവദാസൻ; സ്വകാര്യ ബിൽ അവതരിപ്പിച്ചു

  • 01/04/2022

ദില്ലി: സംസ്ഥാനങ്ങളിലെ ഗവർണ്ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബിൽ. സി പി എം നേതാവും എം പിയുമായ വി ശിവദാസനാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എം എൽ എ മാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങളുടെ താൽപര്യമനുസരിച്ച് ഗവർണ്ണർമാർ പ്രവർത്തിച്ചില്ലെങ്കിൽ പിൻവലിക്കാൻ നിയമസഭക്ക് അധികാരം നൽകണമെന്നും ബില്ലിൽ പറയുന്നു. ഒരു ഗവർണ്ണർക്ക്  ഒന്നിലധികം സംസ്ഥാനങ്ങളിൽ ചുമതല നൽകരുതെന്നും, കാലാവധി നീട്ടി നൽകരുതെന്നും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാത്ത് സർക്കാരും സിപിഎം ഗവർണ്ണറുമായി കൊമ്പുകോർക്കുന്ന  പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തിൽ സിപിഎം ചർച്ചയാക്കുന്നത്.

ഫെഡറൽ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഗവർണ്ണർ നിയമനം തടസമാകുന്നുവെന്ന് വി ശിവദാസൻ, രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങൾക്ക് മേൽ പിടിമുറുക്കാനുള്ള ആയുധം മാത്രമാണ് ഗവർണ്ണർ. മുകളിൽ നിന്ന് കെട്ടിയിറക്കേണ്ട ഒരു പദവിയല്ല ഗവർണ്ണറുടേത്. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിലല്ല സ്വകാര്യ ബിൽ കൊണ്ടുവന്നതെന്നും കാലങ്ങളായി നില നിൽക്കുന്ന ഒരു പതിവ് തിരുത്തുകയാണ് ലക്ഷ്യമെന്നും ശിവദാസൻ വ്യക്തമാക്കി.

Related News