കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ പ്രചാരണങ്ങൾക്ക് തുടക്കംകുറിച്ച് ബിജെപിയും കോൺഗ്രസും

  • 01/04/2022

ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന ചർച്ചകൾക്കിടെ പ്രചാരണങ്ങൾക്ക് മുൻകൂട്ടി തുടക്കംകുറിച്ച് ബിജെപിയും കോൺഗ്രസും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായും രാഹുൽഗാന്ധിയും കർണാടകയിലെത്തി. ലിംഗായത്തുകളുടെ സിദ്ധഗംഗാ മഠം ഇരുവരും സന്ദർശിച്ചു. 150 ലേറെ സീറ്റുമായി ഭരണതുടർച്ച നേടുമെന്ന് ബിജെപി അവകാശപ്പെട്ടു. സംഘടനാ പ്രശ്‌നങ്ങൾ ഉടൻ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് രാഹുൽ നിർദേശിച്ചു.

പ്രബല വോട്ടുബാങ്കായ ലിംഗായത്തുകളുടെ ആശീർവാദത്തോടെയാണ് തെരഞ്ഞെടുപ്പ് കാഹളത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സിദ്ധഗംഗ മഠത്തിലെത്തി ശിവകുമാര സ്വാമിയുടെ ജയന്തി ചടങ്ങുകളിൽ അമിത് ഷാ പങ്കെടുത്തു. പിന്നാലെ ലിംഗായത്ത് സന്യാസിമാർക്കൊപ്പം തുംഗുരുവിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയ്ക്കായിരുന്നു തുംഗുരുവിലെ പരിപാടികളുടെ ചുമതല. വിജയേന്ദ്രയെ അമിത് ഷാ പ്രത്യേകം പ്രശംസിച്ചു. വിജയേന്ദ്രയുടെ  നേതൃപാടവം കാര്യനിർവ്വഹണവും മികച്ചതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 

നാല് സംസ്ഥാനങ്ങളിലെ വിജയത്തിൻറെ പശ്ചാത്തലത്തിൽ ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി നിലപാട്. അടുത്ത വർഷം 2024നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ സർക്കാരിനെ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ വിലയിരുത്തും. മന്ത്രിസഭാ പുനസംഘടനയും നേതൃമാറ്റചർച്ചകളും നടക്കും.  സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീലിൻറെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കേ പുതിയ അധ്യക്ഷൻറെ കാര്യത്തിലും തീരുമാനമുണ്ടാകും.

Related News