യു എ പി എ നിയമം ജനാധിപത്യത്തിലെ കറുത്ത പൊട്ട്, നിയമം റദ്ദാക്കാൻ സ്വകാര്യ ബില്ലുമായി ശശി തരൂർ

  • 01/04/2022

ദില്ലി: യു എ പി എ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ. ഈ ആവശ്യം ഉന്നയിച്ച് ലോക്‌സഭയിൽ അദ്ദേഹം സ്വകാര്യ ബിൽ അവതരിപ്പിച്ചു. യു എ പി എ നിയമം ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്ന് സ്വകാര്യ ബില്ലിൽ അദ്ദേഹം വിമർശിച്ചു. അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്. യു എ പി എ കേസുകളിലെ ശിക്ഷാ നിരക്ക് വെറും 2.4 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങൾ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂർ എംപി വിമർശിച്ചു.

സംസ്ഥാനങ്ങളിലെ ഗവർണ്ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് സി പി എം നേതാവും എം പിയുമായ വി ശിവദാസനും സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എം എൽ എ മാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങളുടെ താൽപര്യമനുസരിച്ച് ഗവർണ്ണർമാർ പ്രവർത്തിച്ചില്ലെങ്കിൽ പിൻവലിക്കാൻ നിയമസഭക്ക് അധികാരം നൽകണമെന്നും ബില്ലിൽ പറയുന്നു. ഒരു ഗവർണ്ണർക്ക്  ഒന്നിലധികം സംസ്ഥാനങ്ങളിൽ ചുമതല നൽകരുതെന്നും, കാലാവധി നീട്ടി നൽകരുതെന്നും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാത്ത് സർക്കാരും സിപിഎം ഗവർണ്ണറുമായി കൊമ്പുകോർക്കുന്ന  പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തിൽ സിപിഎം ചർച്ചയാക്കുന്നത്.

Related News