ഇന്ധന വിലയ്ക്ക് പിന്നാലെ ടോളും കൂട്ടി; രാജ്യത്തെ ടോൾ പ്ലാസകളിൽ പത്തു ശതമാനം നിരക്ക് വർധിപ്പിച്ചു

  • 01/04/2022

ദില്ലി: രാജ്യത്തെ ടോൾ പ്ലാസകളിൽ പത്തു ശതമാനം നിരക്ക് വർധിപ്പിച്ചു. പാലക്കാട് ജില്ലയിലെ രണ്ട് ടോൾ പ്ലാസകളിലും പാലിയേക്കര അരൂർ ടോൾ പ്ലാസകളിലും നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. വാളയാറിൽ ചെറുവാഹനങ്ങൾക്ക് ഇനി മുതൽ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നൽകണം. പന്നിയങ്കരയിലത് 100 രൂപയാണ്. അരൂരിൽ 45 രൂപ നൽകണം. ചെറിയവാണിജ്യ വാഹനങ്ങൾക്ക് 120 രൂപയാണ് വാളയാറിൽ കൂടിയത്.

പന്നിയങ്കരയിൽ ഈ വാഹനങ്ങൾ 155 രൂപ നൽകണം. അരൂരിൽ 70 രൂപയായി ഉയർന്നു. ബസും ട്രക്കും വാളയാറിൽ ഒരു വശത്തേക്ക് യാത്ര ചെയ്യാൻ 245 രൂപ നൽകേണ്ടപ്പോൾ 310 രൂപയാണ് പന്നിയങ്കരയിൽ നൽകേണ്ടത്. അരൂരിൽ 145 രൂപ നൽകണം. പന്നിയങ്കരയിൽ അടുത്ത അഞ്ചുവരെ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കില്ല. നെന്മാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വർധന നടപ്പാക്കരുതെന്ന പൊലീസ് നിർദ്ദേശം പരിഗണിച്ചാണിത്.

പന്നിയങ്കര ടോളിൽ ഈ മാസം 5 വരെ സ്വകാര്യ ബസ്സുകളിൽ നിന്ന് ടോൾ ഈടാക്കില്ല. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരു ഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാൻ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

Related News