ഇടിത്തീ പോലെ ഇന്ധന വില, പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു

  • 02/04/2022

ദില്ലി: പതിവ് തെറ്റിക്കാതെ ഇന്ധന വില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്. 

എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയർത്തുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും സർചാർജും സെസും തുടർച്ചയായി വർധിപ്പിച്ച് വിലക്കയറ്റത്തിന്റെ നിലയില്ലാ കയങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Related News