ഗുജറാത്ത് കടക്കെണിയുടെ വക്കിലെന്ന് സി.എ.ജി; ഏഴു വർഷത്തിനകം തിരിച്ചടയ്ക്കേണ്ടത് വൻതുക

  • 02/04/2022

അഹമ്മദാബാദ്: രാജ്യത്ത് വ്യവസായനിക്ഷേപത്തിൽ മുൻനിരയിലുള്ള ഗുജറാത്ത് കടക്കെണിയുടെ വക്കിലാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. ആകെ പൊതു കടമായ 3.08 ലക്ഷം കോടി രൂപയുടെ 61 ശതമാനവും അടുത്ത ഏഴുവർഷത്തിനിടെ തിരിച്ചടയ്ക്കണമെന്നതാണ് വെല്ലുവിളിയെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഏഴുവർഷത്തിനുള്ളിൽ കടംവീട്ടുന്നത് ആ കാലയളവിലെ ബജറ്റുകളെ സമ്മർദത്തിലാക്കുമെന്ന് സ്റ്റേറ്റ് ഫിനാൻസസ് ഓഡിറ്റ് റിപ്പോർട്ട് കണക്കുകൂട്ടുന്നു. 2028-ഓടെ 1.87 ലക്ഷം കോടി രൂപ തിരിച്ചടയ്ക്കക്കണം. ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്നതിനാൽ ഇത് തലവേദനയാകും. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 2016-21 കാലത്ത് 9.19 ശതമാനംകണ്ട് കൂടിയപ്പോൾ പൊതുകടം 11.49 ശതമാനം വർധിച്ചതായി സി.എ.ജി. ചൂണ്ടിക്കാട്ടി. 2019-20 വരെ വരവ് വർധിച്ചെങ്കിലും 2020-21ൽ ആദ്യമായി റവന്യൂകമ്മി രേഖപ്പെടുത്തി. കോവിഡ് അടച്ചിടൽ കാലമായിരുന്നു ഇത്.

സംസ്ഥാനത്തെ 97 പൊതുമേഖലാ സ്ഥാപനങ്ങളുംകൂടി 30,400 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും സി.എ.ജി. റിപ്പോർട്ടിലുണ്ട്. നിരന്തരം നഷ്ടത്തിലുള്ള ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷനിൽ 2020-21-ൽ 1000 കോടി രൂപയാണ് സംസ്ഥാനം നിക്ഷേപിച്ചത്.

Related News