കെ-റെയിൽ വിരുദ്ധ നിലപാടുമായി കേന്ദ്രമന്ത്രി; പദ്ധതിയെ അനുകൂലിക്കുന്ന മുദ്രാവാക്യവുമായി വീട്ടുകാർ

  • 02/04/2022

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ-റെയിൽ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കെ-റെയിൽ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാർ. സിപിഎം കൗൺസിലർ എൽ.എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ബിജെപി സംഘത്തിന് നേരേ വീട്ടുകാർ പ്രതിഷേധിച്ചത്. മന്ത്രിയുടെ വിശദീകരണമൊന്നും കേൾക്കാൻ തയ്യാറാകാതെ വീട്ടുകാർ തുടർച്ചയായി കെ-റെയിലിനും മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

കെ-റെയിൽ വിരുദ്ധ നിലപാടിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഉൾപ്പെട്ട സംഘം ആദ്യം സന്ദർശിച്ച വീടുകളിലൊന്നായിരുന്നു കഴക്കൂട്ടം വാർഡ് കൗൺസിലറുടേത്. മന്ത്രി എത്തുമ്പോൾ കൗൺസിലറുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കെ-റെയിൽ നാടിന് ആവശ്യമാണെന്നും സ്ഥലം വിട്ടുനൽകുമെന്നും പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇക്കാര്യം അവർ മന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു.

അതേസമയം സിപിഎമ്മിന്റെ ആസൂത്രണമാണ് പ്രതിഷേധമെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി തീരുമാനപ്രകാരമാണ് തനിക്കെതിരേ വീട്ടുകാർ പ്രതിഷേധിച്ചതെന്നും പാർട്ടി സമീപനത്തിന്റെ ഭാഗമായാണ് സിപിഎമ്മുകാർ പദ്ധതിയെ പിന്തുണയ്ക്കുന്നതെന്നും മുരളീധരൻ വിശദീകരിച്ചു.

Related News