വിവാഹമോചനം നേടിയ അധ്യാപിക മുന്‍ ഭര്‍ത്താവിന് പ്രതിമാസം 3000 രൂപ നല്‍കണമെന്ന് കോടതി

  • 02/04/2022

മുംബൈ:  വിവാഹമോചനം നേടിയ അധ്യാപിക മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചു. നേരത്തെ മഹാരാഷ്ട്രയിലെ നന്ദേഡ് കോടതിയും ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരേ അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

സര്‍വകലാശാല അധ്യാപികയോടാണ് മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. 1992-ലാണ് അധ്യാപികയും മുന്‍ ഭര്‍ത്താവും വിവാഹിതരായത്. 23 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015-ല്‍ വിവാഹമോചിതരായി. 

ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇത് കോടതി അനുവദിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 

ഹിന്ദു മാര്യേജ് ആക്ട് പ്രകാരം പങ്കാളികള്‍ക്ക് ജീവനാംശം ആവശ്യപ്പെടാമെന്ന് വ്യക്തമാക്കിയാണ് കീഴ്‌ക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. സര്‍വകലാശാല അധ്യാപികയായ ഭാര്യ ബന്ധം വേര്‍പിരിഞ്ഞതോടെ ജീവിതച്ചെലവിന് പണം ഇല്ലാതായെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എല്ലാമാസവും 15,000 രൂപ വീതം ജീവനാംശം നല്‍കണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്.

Related News