ആശുപത്രി ഐസിയുവില്‍ വെച്ച് എലിയുടെ കടിയേറ്റ രോഗി മരിച്ചു

  • 02/04/2022

ഹൈദരാബാദ്: ആശുപത്രിയിലെ ഐസിയുവില്‍ വെച്ച് എലിയുടെ കടിയേറ്റ രോഗി മരിച്ചു. 38 കാരനായ ശ്രീനിവാസ് ആണ്  മരിച്ചത്. തെലങ്കാന വാറങ്കല്‍ എംജിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ചാണ് ശ്രീനിവാസിനെ എലി കടിച്ചത്.

ആന്തരിക രക്തസ്രാവം ഉണ്ടായതോടെ ഇയാളെ ഉടന്‍ തന്നെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം മോശം അവസ്ഥയിലായിരുന്നുവെന്ന് നിംസിലെ ഡോക്ടര്‍ കെ മനോഹര്‍ പറഞ്ഞു. നിംസിലേക്ക് കൊണ്ടുവരുന്ന വഴി ശ്രീനിവാസിന് ഹൃദയാഘാതം ഉണ്ടായി. രക്തസമ്മര്‍ദ്ദം കുറയുകയും പള്‍സ് വളരെ ദുര്‍ബലമായിരുന്നതായും ഡോക്ടര്‍ പറഞ്ഞു. 

എലി കടിച്ചതു കൊണ്ടല്ല, രോഗിയുടെ ശാരീരിക പ്രശ്‌നങ്ങളാണ് മരണകാരണമായതെന്നാണ് ഡോക്ടറുടെ വിശദീകരണം. മാര്‍ച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവില്‍ വെച്ച് എലിയുടെ കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഐസിയുവില്‍ രോഗിക്ക് എലിയുടെ കടിയേറ്റ സംഭവത്തില്‍ എംജിഎം ആശുപത്രിയിലെ ഐസിയു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. 

ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും, രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരുടെ കോണ്‍ട്രാക്റ്റ് അവസാനിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തു. ആശുപത്രിയിലെ ശുചീകരണത്തിന് ചുമതലയുള്ള കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും തെലങ്കാന മന്ത്രി ഇ ദയാകര്‍ അറിയിച്ചു.

Related News