ഹലാൽ നിരോധനം: കർണാടക സർക്കാരിന് കത്ത് നൽകി ഹിന്ദുത്വ സംഘടനകൾ, അറവുശാലകൾക്ക് നോട്ടീസ്

  • 03/04/2022

ബെംഗളൂരു: ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. കർണാടകയിൽ ഹലാൽ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദൾ പ്രവർത്തക ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഹലാൽ ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകൾ കയറി ബജറംഗ്ദൾ പ്രവർത്തകർ ലഖുലേഖ വിതരണം ചെയ്തു. ചിക്കമംഗ്ലൂരുവിൽ ഹലാൽ ബോർഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദൾ പ്രവർത്തകർ മാർച്ച് നടത്തി. ഹലാൽ ബോർഡുകൾ പ്രവർത്തകർ എടുത്തുമാറ്റി. 

അന്യായമെന്നും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം സംഘടനകൾ പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെന്നും നിലപാട് തിരുത്തണമെന്നും ചൂണ്ടികാട്ടി  എസ്ഡിപിഐ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. ഹലാൽ നിരോധന ആവശ്യങ്ങൾക്കിടെയാണ് നടപടി.

ഉഗാദി ആഘോഷങ്ങൾക്ക് ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടത്. ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാൽ സർക്കാർ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Related News