സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടി ചർച്ച പിന്നീട്; പദ്ധതി പ്രാരംഭഘട്ടത്തിലെന്ന് യ്യെച്ചൂരി

  • 03/04/2022

ദില്ലി : സിൽവർ ലൈൻ പദ്ധതി പാർട്ടി പിന്നീട് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. നിലവിൽ പദ്ധതി പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്രാനുമതി വേണമെന്നും യെച്ചൂരി വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചർച്ചകളാണ് നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം വ്യക്തതയായിട്ടില്ല. അതിന്മേലുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. 


ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയിൽ കോൺഗ്രസുമുണ്ടാകണമെന്നും യെച്ചൂരി ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷമേ സിപിഎം ഏതെങ്കിലും സഖ്യത്തിൽ ചേരുകയുള്ളൂ. കേരളത്തിൽ നയവ്യതിയാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിബിയിൽ ദളിത് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കാൻ ശ്രമിക്കും. പാർട്ടി സമിതികളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സ്ത്രീ സംവരണത്തിലും പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാകും. സമിതിയിൽ ഇരുപത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യമുണ്ടാകണമെന്നാണ് കരുതുന്നതെന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. 

കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയന് പ്രായ ഇളവു നൽകും. മുതിർന്ന നേതാക്കൾക്ക് പ്രായ പരിധിയിൽ ഇളവ് അനുവദിക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി കോൺഗ്രസിൽ ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി. സ്റ്റാലിൻ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ല. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയായതിനാലാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News