ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാതെ കോൺഗ്രസ്; ചെന്നിത്തല ഇന്ന് സോണിയയെ കാണും

  • 04/04/2022

ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസസന്ധിക്കിടെ രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എഐസിസി പുന:സംഘടന നടക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കെ സി വേണുഗോപാൽ, വി ഡി സതീശൻ ഗ്രൂപ്പുകൾ ഉന്നയിച്ച പരാതികളിൽ ചെന്നിത്തല തൻറെ ഭാഗം ന്യായീകരിക്കും. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുന:സംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാലിൻറെ അനാവശ്യ ഇടപെടലുകളെ കുറിച്ചും പരാതിപ്പെട്ടേക്കും.

അതേസമയം, ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാൻറിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും ഹൈക്കമാൻറിനെ സമീപിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നിത്തല അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്. ചെന്നിത്തലയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നൽകിയിരുന്നു. കെസിക്കെിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന  പ്രചാരണം കോൺഗ്രസ് സൈബർ സ്‌പേസിൽ ശക്തമായി മാറിയിരുന്നു.

Related News