സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതി നിഷേധിച്ചു; മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐസിസി

  • 04/04/2022

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കണമെന്നാണ് നിർദ്ദേശം. ഇനി പ്രത്യേകിച്ച് നിർദ്ദേശം നൽകില്ലെന്നും എഐസിസി അറിയിച്ചു.

കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാവ് കെ വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജൻ പറഞ്ഞത്. എല്ലാം എതിർക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാർട്ടി കോൺഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിൻറെ ഓഫീസ് പ്രതികരിച്ചത്.

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസി തീരുമാനം അനുസരിച്ചായിരിക്കുമെന്നാണ് കെ വി തോമസ് പ്രതികരിച്ചത്. സെമിനാറിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് കത്ത് പാർട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

Related News