ആകാശത്ത് നിന്നും നിലത്ത് വീണ് ലോഹവളയം; ചൂടുണ്ടായിരുന്നു എന്ന് ​ഗ്രാമവാസികൾ

  • 04/04/2022


കഴിഞ്ഞ ദിവസം, മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ സിന്ദേവാഹി ഗ്രാമവാസികൾ അതുവരെ കാണാത്ത ചില കാഴ്ചകൾ കണ്ട് ഞെട്ടി. മറ്റൊന്നുമല്ല, നിലത്ത് വീണുകിടക്കുന്ന ലോഹവളയം. രാത്രിയില്‍ ആകാശത്ത് ഒരു ജ്വലിക്കുന്നവസ്തു വേ​ഗത്തിൽ നീങ്ങുന്നത് കണ്ടതിന് മണിക്കൂറുകള്‍ക്കുശേഷമാണ് ലോഹവളയം കണ്ടത്. അതിന് ചൂടുണ്ടായിരുന്നു എന്നും  ഗ്രാമവാസികൾ പറഞ്ഞു. 

ചന്ദ്രപുർ ജില്ലാ കളക്ടർ അജയ് ഗുൽഹാനെ പറഞ്ഞതനുസരിച്ച്, രാത്രി 7.50 ഓടെ ലാഡ്‌ബോറി ഗ്രാമത്തിലെ തുറന്ന സ്ഥലത്ത് ഒരു ഇരുമ്പ് വളയം കിടക്കുന്നത് ഗ്രാമവാസികൾ കണ്ടു. സംഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ ഗൂഢാലോചന സിദ്ധാന്തങ്ങളുമായി നിരവധി ആളുകളാണ് എത്തിയത്. ബഹിരാകാശ വാഹനങ്ങളിൽ നിന്നുമുള്ള അവശിഷ്ടങ്ങളാവാം എന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലർ പറഞ്ഞത് അന്യ​ഗ്രഹത്തിൽ നിന്നുള്ള വസ്തുക്കളാണ് എന്നാണ്. ചില രസികന്മാർ പറഞ്ഞത് അത് ജാദുവിന്റെ സി​ഗ്നലാണ് എന്നാണ്. 

അതേസമയം, വിദ​ഗ്ദ്ധർ പറയുന്നത്, ഉപഗ്രഹവിക്ഷേപണത്തിനു ശേഷമുള്ള റോക്കറ്റ് ബൂസ്റ്ററുകളുടെ അവശിഷ്ടങ്ങളായിരിക്കാം ഇത് എന്നാണ്. കൂടുതൽ പരിശോധനകൾ നടക്കുന്നതേ ഉള്ളൂ. രത്‌ലാം, ബർവാനി, ഖണ്ട്‌വ എന്നിവയുൾപ്പെടെ മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും സമാനമായ സംഭവം നിരീക്ഷിക്കപ്പെട്ടു. ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്‌ഡൊവൽ പറയുന്നത്, “ഏതെങ്കിലും രാജ്യത്തിന്റെ ഒരു ഉപഗ്രഹം ആകസ്മികമായി വീണതാകാം. അല്ലെങ്കിൽ മനപ്പൂർവ്വം വീഴാൻ കാരണമായതാകാം. ഇത് ഒരു ഉൽക്കാവർഷമോ അഗ്നിഗോളമോ പോലെ തോന്നുന്നില്ല“ എന്നാണ്.

Related News