അർധരാത്രി വീണ്ടും ഇന്ധനവില വർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം

  • 05/04/2022

ദില്ലി: രാജ്യത്ത് ഇന്ധന വില വർധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വർധിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയാണ് വർധിച്ചത്. ഡീസൽ വിലയിലാകട്ടെ ലിറ്ററിന് 84  പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസൽ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. മാർച്ച് 21 മുതൽ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടർച്ചയായ എല്ലാ ദിവസവും വില വർധിച്ചു.

കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി. തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോൾ ലിറ്ററിൻറെ വില കുതിക്കുകയാണ്. ഡീസൽ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയിൽ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും ഇന്നത്തെ വർധനയോടെ. കോഴിക്കോടും സമാനമാണ് അവസ്ഥ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

Related News